വാഷിംഗ്‌ടൺ : ജോ ബൈഡൻ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറുമോ എന്ന ചോദ്യം ബലപ്പെടുന്നു. 81 വയസിൽ പ്രായത്തിന്റെ പരിമിതികൾ കൂടുതൽ പ്രകടമാവുമ്പോൾ ബൈഡൻ പിന്മാറണമെന്നു വിശ്വസ്തർ പോലും അദ്ദേഹത്തോട് ആവശ്യപ്പെടുന്നു എന്നാണ് റിപ്പോർട്ട്. 1968ൽ കരുത്തനായ പ്രസിഡന്റായിരിക്കെ ലിൻഡൻ ജോൺസൺ നാടകീയമായി പിന്മാറിയതു പോലെ ബൈഡനും പിന്മാറും എന്നു വിശ്വസിക്കുന്നവർ ഏറെയാണ്.
ഡൊണാൾഡ് ട്രംപ് മത്സരിച്ചില്ലെങ്കിൽ താൻ പിന്മാറിയേനെ എന്നു കഴിഞ്ഞയാഴ്ച ബൈഡൻ തന്നെ സൂചിപ്പിച്ചപ്പോൾ ഈ വിഷയം കൂടുതൽ പ്രസക്തമായി. ട്രംപ് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെ ഉയർത്തുന്ന ഭീഷണിയെ ചെറുത്തു തോല്പിക്കേണ്ടതു തന്റെ നിയോഗമാണെന്നു 2020ൽ അദ്ദേഹത്തെ വീഴ്ത്തിയ ബൈഡൻ വിശ്വസിക്കുന്നു.
എന്നാൽ ട്രംപ് വെല്ലുവിളിച്ചു നിൽക്കുന്നതു കൊണ്ടു ബൈഡനു പിന്മാറാൻ കഴിയില്ല എന്ന വസ്തുതയുമുണ്ട്. പേടിച്ചോടി എന്നു തന്നെയല്ലേ ട്രംപ് അപ്പോൾ പറയുക. നിരവധി നിയമയുദ്ധങ്ങളുടെ നടുവിൽ നിൽക്കുന്ന ട്രംപ് പിന്മാറുമെന്ന വിശ്വാസം ബൈഡൻ കൈവെടിയുന്നില്ലെന്ന വ്യാഖ്യാനവും ഉണ്ട്. പോളിംഗിൽ ട്രംപ് മുന്നിലാണ് എന്ന സത്യം നിഷേധിക്കാൻ വയ്യെങ്കിലും നിയമയുദ്ധങ്ങൾ കൂടാതെ അദ്ദേഹത്തെ ദുർബലനാക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട് എന്നതും പ്രസക്തമാണ്.