വാഷിങ്ടൻ : റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടരുന്നത് യുഎസും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിൽ റഷ്യ നടത്തുന്ന വ്യാപക വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്നെ ഇല്ലാതാക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ശ്രമിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
‘‘യുദ്ധത്തിന്റെ വ്യാപ്തി യുക്രെയ്ന് പുറത്തേക്ക് കടന്നിരിക്കുന്നു. നാറ്റോ സഖ്യ രാജ്യങ്ങളേയും യൂറോപ്പിന്റെയാകെ സുരക്ഷയേയും ബാധിക്കുന്ന രീതിയിലാണ് സംഘർഷം മുന്നോട്ടുപോകുന്നത്. സ്വേച്ഛാധിപതികൾ യൂറോപ്പിൽ ഭീഷണിയുയർത്തുമ്പോൾ യുഎസിന് ഇടപെടേണ്ടി വരും. യുക്രെയ്ൻ ഉൾപ്പെടെ ഞങ്ങളുടെ സഖ്യത്തിലുള്ളവർക്ക് സഹായമെത്തിക്കുക തന്നെ ചെയ്യും’’ –ബൈഡൻ പറഞ്ഞു.