വാഷിങ്ടൻ : വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചതോടെ മധ്യപൂർവ മേഖലയിൽ വീണ്ടും യുദ്ധഭീതി. സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാംപിനു നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ‘ഉചിതമായ സമയത്ത് കൃത്യമായ മറുപടി നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ തങ്ങൾക്കു പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ഈ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ നൂറ്റമ്പതിലേറെ ആക്രമണങ്ങൾ നടന്നിരുന്നു. 70 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾ ആക്രമിച്ചു. എന്നാൽ, സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യുഎസ് കാണുന്നത്. ജോർദാനിൽ മൂവായിരത്തോളം യുഎസ് സൈനികരാണുള്ളത്. കനത്ത രാഷ്ട്രീയ സമ്മർദം നേരിടുന്ന ബൈഡനെതിരെ നിശിതവിമർശനവും ഉയർന്നു. ജോ ബൈഡന്റെ കഴിവുകേടിന്റെ പ്രത്യാഘാതമാണിതെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നടിച്ചു. ഇറാനിലെ ഭീകരസംഘടനകൾക്കെതിരെ സൈനിക നടപടിയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം ബൈഡനെ ഭീരു എന്നു വിളിക്കേണ്ടിവരുമെന്നുമാണ് റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൻ പറഞ്ഞത്. ഇറാനുള്ളിലെ ഭീകര താവളങ്ങൾ ആക്രമിക്കണമെന്ന ആവശ്യം വരെ ഉയർന്നു.