തെല്‍ അവിവ്: ഗസ്സയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇസ്രായേൽ തള്ളി . ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലബനാനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്റെ അന്ത്യം കുറിക്കുമെന്ന് ഹമാസ് തിരിച്ചടിച്ചു. അതേസമയം ഗസ്സയിൽ 21,000 കൂട്ടികളെ കാണാനില്ലെന്ന് സന്നദ്ധസംഘടനയായ സേവ് ദ ചിൽഡ്രൻ അറിയിച്ചു.
സമ്പൂർണ വെടിനിർത്തലും ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റവും ലക്ഷ്യം വെക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളി നെതന്യാഹു. ഗസ്സയിൽ യുദ്ധം അന്തിമഘട്ടത്തിലാണെങ്കിലും ലക്ഷ്യം നേടും വരെ ആക്രമണം നിർത്തില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ബന്ദികളുടെ മോചനത്തിന് താൽക്കാലികവും ഭാഗികവുമായ വെടിനിർത്തൽ ആകാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാൻ ഒരു വിഭാഗം സൈന്യത്തെ വടക്കൻ ഇസ്രായേലിലേക്ക് മാറ്റുമെങ്കിലും ഗസ്സ യുദ്ധം നിർത്തില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ പുതിയ അഭ്യർഥനയും തള്ളിയാണ് നെതന്യാഹുവിന്റെ പ്രസ്താവന.