മോസ്കോ : ‘ഐ ലവ് യു’– അലക്സി നവൽനിയുടെ ഒപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു ഭാര്യ യൂലിയയും റഷ്യയിൽ അലയടിക്കുന്ന പ്രതിഷേധത്തിൽ ഒപ്പം ചേർന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുചരരുമാണ് കുറ്റവാളികളെന്നു കഴിഞ്ഞ ദിവസം യൂലിയ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് അടക്കം കൂടുതൽ ലോകനേതാക്കളും പുട്ടിനെതിരെ രംഗത്തെത്തി.
വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ അലക്സി നവൽനിയുടെ മരണം രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതേവരെ 401 പേർ അറസ്റ്റിലായി. നവൽനിയുടെ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച റഷ്യൻ ഓർത്തഡോക്സ് ചർച്ചിലെ വൈദികനെയും അറസ്റ്റ് ചെയ്തു. എങ്കിലും നവൽനിക്ക് ആദരം അർപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല.
രണ്ടു ദിവസം മുൻപ് യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ പ്രഭാത സവാരിക്കു പിന്നാലെ കുഴഞ്ഞുവീണ നവൽനി (47) ഉച്ചയോടെ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. നവൽനിയുടേത് കൊലപാതകമാണെന്നും പിന്നിൽ പുട്ടിൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പുട്ടിന്റെ ക്രൂരതകൾക്ക് ഉദാഹരണമാണ് ഈ സംഭവം– ബൈഡൻ പറഞ്ഞു.