വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ജോ ബൈഡൻ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ചാണ് ബൈഡൻ പിൻമാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡൻ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു.
ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ബൈഡൻ നിർദ്ദേശിച്ച കമല ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.