വാഷിങ്ടൺ ഡിസി: ഡെമോക്രാറ്റുകൾ തന്നെ ആവശ്യം ശക്തമാക്കിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജോ ബൈഡൻ്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ. ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ നടന്ന പോളിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്. 2048 പേരിൽ നടത്തിയ YouGov surveyയിൽ 70 ശതമാനം പേരും ബൈഡന്റെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ട്. 16 ശതമാനം പേർ എതിർപ്പ് പ്രകടിപ്പിച്ചു. 12 ശതമാനം പേർ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
പാർട്ടി തലത്തിൽ 70 ശതമാനം ഡെമോക്രാറ്റുകളും 68 ശതമാനം സ്വതന്ത്രരും 77 ശതമാനം റിപ്പബ്ലിക്കൻസും ബൈഡന്റെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ 37 ശതമാനം പേർ ബൈഡന് പിൻഗാമിയായി കമലാ ഹാരിസിനെ അംഗീകരിക്കുന്നു. എന്നാൽ 35 ശതമാനം പേർക്ക് ബൈഡന് പിൻഗാമിയായി മറ്റൊരാൾ വരണമെന്നാണ് ആഗ്രഹം. 27 പേർ കൃത്യമായ മറുപടി നൽകിയില്ല. വൈസ് പ്രസിഡന്റിനെ 60 ശതമാനം ഡെമോക്രാറ്റുകളും പിന്തുണയ്ക്കുന്നുണ്ട്. 24 ശതമാനം റിപ്പബ്ലിക്കൻസിന്റെ പിന്തുണയുമുണ്ട്. സ്വതന്ത്രരിൽ നിന്ന് 30 ശതമാനം പിന്തുണയും വൈസ് പ്രസിഡന്റായി മത്സരിക്കുന്ന കമലാ ഹാരിസിനുണ്ട്.