വാഷിങ്ടൻ : യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരുന്ന ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മാസങ്ങൾക്കു മുൻപെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ജോ ബൈഡൻ യുഎസ് പ്രസിഡന്റ് പദമൊഴിയാൻ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിർണായക തീരുമാനം. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്ന് സഹായകരമായ യൂഎസിന്റെ നീക്കം.