വാഷിങ്ടൻ : അനധികൃതമായി തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡനു മാപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘‘ഇന്ന്, ഞാൻ എന്റെ മകൻ ഹണ്ടറിനു മാപ്പ് നൽകി. അധികാരമേറ്റ ദിവസം മുതൽ, നീതിന്യായ വകുപ്പിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇടപെടില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ മകനോട് അന്യായമായി പെരുമാറുന്നതു കണ്ടിട്ടും ഞാൻ വാക്കു പാലിച്ചു, പ്രോസിക്യൂട്ട് ചെയ്തു’’ – വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹണ്ടറിന്റെ കേസുകളുടെ വസ്തുതകൾ പരിശോധിക്കുന്ന ന്യായമായ ഒരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താൻ കഴിയില്ല. അവൻ എന്റെ മകനായതിനാൽ മാത്രമാണ് വേട്ടയാടപ്പെട്ടത്. അഞ്ചര വർഷമായി, ശാന്തനായ ഹണ്ടറിനെ തകർക്കാൻ ശ്രമമുണ്ടായിരുന്നു. ഹണ്ടറിനെ തകർക്കാൻ ശ്രമിക്കുമ്പോൾ, അവർ എന്നെ തകർക്കാൻ ശ്രമിച്ചു. ഒരു കാരണവുമില്ലാതെ ആയിരുന്നു ഇത്. ഇവിടെ നിർത്തുമെന്ന് വിശ്വസിക്കുന്നു– ബൈഡൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡോണൾഡ് ട്രംപിന്റെയും ആക്രമണങ്ങൾക്കിടയിലും മകന്റെ ശിക്ഷ ബൈഡൻ ക്ഷമിക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ച് പറഞ്ഞിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. 2018ൽ അനധികൃതമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയിൽ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചു എന്നിവയായിരുന്നു കുറ്റങ്ങൾ.