വാഷിങ്ടണ്‍: അമേരിക്കയില്‍ പലയിടത്തും ഒരേസമയത്ത് സംശയാസ്പദമായി ഡ്രോണുകള്‍ കണ്ട സംഭവത്തില്‍ പ്രതികരിച്ച് ജോ ബൈഡന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ആര്‍ക്കോവേണ്ടി മനഃപൂര്‍വം കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയാണെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. രാജ്യത്ത് ഹീനമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസിന്റെ പലഭാഗത്തും, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലുമാണ് സംശയാസ്പദമായ രീതിയില്‍ പറക്കുന്ന ഡ്രോണുകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ പലതരം കഥകള്‍ പ്രചരിച്ചു. ശത്രുക്കളുടെ ആക്രമണതന്ത്രമാണെന്നും ബ്ലൂ ബീം സിദ്ധാന്തത്തിന്റെ ഭാഗമാണെന്നും തുടങ്ങി അന്യഗ്രഹജീവികളുടെ കളിയാണെന്നുവരെ കഥകള്‍ ഇറങ്ങി. പിന്നാലെയാണ് ജോ ബൈഡനുനേരെ ഒളിയമ്പുമായി ട്രംപിന്റെ പ്രസ്താവന വന്നത്.
‘എന്താണ് സംഭവിക്കുന്നത് എന്ന് സര്‍ക്കാരിനറിയാം. ആ ഡ്രോണുകള്‍ എവിടെ നിന്നാണ് വന്നതെന്ന് നമ്മുടെ സൈനികവിഭാഗത്തിന് അറിയാം. അതൊരു ഗ്യാരേജില്‍ നിന്ന് പറത്തപ്പെട്ടവയാണെങ്കില്‍ നമ്മുടെ പട്ടാളക്കാര്‍ക്ക് അവിടെയെത്തി അവയെല്ലാം നശിപ്പിക്കാന്‍ എത്ര സമയം എടുക്കും? അവര്‍ക്കറിയാം അത് എവിടെനിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ അതിനെക്കുറിച്ചൊന്നും പറയില്ല’, എന്നായിരുന്നു ട്രംപ് പറഞ്ഞത്.