മെക്‌സിക്കോയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കുന്ന കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വർദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റം നേരിടുന്നതിൻ്റെ ഭാഗമായി പുതിയ നയം പുറത്തിറക്കി. രാജ്യത്തിന്റെ തെക്കൻ അതിർത്തി പ്രതിസന്ധിയെക്കുറിച്ചുള്ള വൈറ്റ് ഹൗസ് പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.
‘അനധികൃത കുടിയേറ്റക്കാർ യുഎസ് അതിർത്തിയിൽ നിന്ന് പിന്മാറണം. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക, അവിടെ നിന്ന് നിയമപരമായി അപേക്ഷിക്കുക’-ബൈഡൻ പറഞ്ഞു. അനധികൃതമായി അതിർത്തി കടക്കുന്ന ക്യൂബക്കാരെയും ഹെയ്തിയക്കാരെയും നിക്കരാഗ്വക്കാരെയും തിരിച്ചയക്കും. നാല് രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 30,000 കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും നിയമപരമായി അല്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും ജോ ബൈഡൻ പറഞ്ഞു.
പ്രസിഡന്റെന്ന നിലയിൽ തെക്കൻ അതിർത്തിയിലേക്കുള്ള ആദ്യ യാത്രയ്ക്കായി ടെക്‌സാസിലെ എൽ പാസോ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. അവിടെ നിന്ന് മെക്‌സിക്കോ സിറ്റിയിലെത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കേ അമേരിക്കൻ നേതാക്കളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും.