വാഷിങ്ടൻ : ഔദ്യോഗിക രഹസ്യരേഖ കൈകാര്യം ചെയ്യുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഗുരുതര വീഴ്ച പറ്റിയെന്നതിനു തെളിവായി കൂടുതൽ ഫയലുകൾ പുറത്ത്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ സമാനവിഷയത്തിൽ ക്രിമിനൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബൈഡനെയും വിഷമത്തിലാക്കി കൂടുതൽ രഹസ്യരേഖകൾ സ്വകാര്യ ഓഫിസിൽനിന്നു കിട്ടിയത്. ഭരണകാലം കഴിഞ്ഞാൽ രേഖകളെല്ലാം നാഷനൽ ആർക്കൈവ്സിൽ സൂക്ഷിക്കാനായി കൈമാറണമെന്നാണു നിയമം.
ഡമോക്രാറ്റ് നേതാവ് ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ (2009–2017) വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ, ആ പദവി ഒഴിഞ്ഞതിനു തൊട്ടുപിന്നാലെ ഉപയോഗിച്ച ‘പെൻ ബൈഡൻ സെന്റർ’ ഓഫിസിൽനിന്നു കഴിഞ്ഞ നവംബറിലാണ് രഹസ്യസ്വഭാവമുള്ള ഔദ്യോഗിക കടലാസുകൾ കണ്ടെത്തിയത്. യുഎസ് ഇന്റലിജൻസ് കുറിപ്പുകളും യുക്രെയ്ൻ, ഇറാൻ, യുകെ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള നയതന്ത്രപ്രധാന രഹസ്യവിവരങ്ങളും ഇതിലുണ്ടായിരുന്നു. കഴിഞ്ഞ ആറു വർഷമായി ഇതെല്ലാം അശ്രദ്ധമായി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന വിവരം കഴിഞ്ഞദിവസം മാത്രമാണു പുറത്തറിഞ്ഞത്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടന്ന സംഭവം രഹസ്യമാക്കിവച്ചു.
ഇതു കൂടാതെ വീണ്ടും ചില രേഖകൾ കൂടി ഇത്തരത്തിൽ കണ്ടെത്തിയെന്ന് ബുധനാഴ്ച വാർത്ത പരന്നതോടെ എതിരാളികളായ റിപ്പബ്ലിക്കൻ പാർട്ടി അതു രാഷ്ട്രീയവിവാദമാക്കി. രണ്ടാമത്തെ ശേഖരം കണ്ടെത്തിയത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിട്ടില്ല.