വാഷിംഗ്ടൺ ഡിസി: എഫ്-16 യുദ്ധവിമാനങ്ങൾ യുക്രെയ്നു നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന ഒറ്റവാക്കിൽ ബൈഡൻ മറുപടി നല്‍കുകയായിരുന്നു. നേരത്തേ ജർമൻ ചാൻസലർ ഒലാഫ് ഷോൾസും യുക്രെയ്ന് എഫ്-16 നല്‍കില്ലെന്നു വ്യക്തമാക്കിയിരുന്നു.
റഷ്യയുമായുള്ള യുദ്ധത്തിൽ മേൽക്കൈ നേടാൻ യുഎസ്, യൂറോപ്യൻ നിർമിത യുദ്ധവിമാനങ്ങൾ നല്‍കണമെന്ന കാര്യം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നിരന്തരം ആവശ്യപ്പെടുന്നതാണ്. എന്നാൽ റഷ്യയും നാറ്റോയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവയ്ക്കാമെന്നതിനാൽ യുഎസും യൂറോപ്യൻ നേതാക്കളും ആവശ്യം നിരാകരിക്കുന്നു.
സോവ്യറ്റ്കാലത്ത് മിഗ് യുദ്ധവിമാനങ്ങളാണ് യുക്രെയ്നുള്ളത്. എഫ്-16 പോലുള്ള അത്യാധുനിക പോർവിമാനങ്ങൾക്ക് യുദ്ധഗതി മാറ്റാനുള്ള കഴിവുണ്ടെന്നു വിലയിരുത്തപ്പെടുന്നു. അമേരിക്കയും ജർമനിയും കഴിഞ്ഞയാഴ്ച യുക്രെയ്ന് അത്യാധുനിക യുദ്ധടാങ്കുകൾ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.