വാഷിങ്ടൺ: നാസയ്ക്ക് വേണ്ടി 2024 വർഷത്തേക്ക് 2720 കോടി ഡോളർ ബജറ്റിൽ വകയിരുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ വർഷം അനുവദിച്ച ബജറ്റിനേക്കാൾ 180 കോടി ഡോളർ കൂടുതലാണിത്. ആർട്ടെമിസ് ഉൾപ്പടെ നാസയുടെ വിവിധ ബഹിരാകാശ പദ്ധതികൾക്ക് വേണ്ടിയുള്ള ചിലവുകൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഭൗമ നിരീക്ഷണം, ഭൂമിയുടെ സംരക്ഷണം, അത്യാധുനികമായ സുരക്ഷിത വ്യോമയാനം, ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പിന്തുണ നൽകൽ, പുതിയ സാങ്കേതിക വിദ്യകളുടെ വികാസം തുടങ്ങിയവയ്ക്ക് ബൈഡൻ അനുവദിച്ച ബജറ്റ് മുതൽകൂട്ടാവുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലേക്ക് അയക്കാനുള്ള ആർട്ടെമിസ് പദ്ധതിയ്ക്ക് വേണ്ടി 810 കോടി ഡോളർ അനുവദിക്കാനാണ് നിർദേശം. ചൊവ്വയിൽ നിന്നുള്ള പാറകളും, മണ്ണും ഉൾപ്പെടുന്ന സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനായി 94.9 കോടി ഡോളറും എർത്ത് സയൻസിനായി 250 കോടി ഡോളറും വകയിരുത്തി. ഭ്രമണപഥത്തിലെ അവശിഷ്ടങ്ങളെ പഠിക്കുന്നതിനായി 3.9 കോടി ഡോളറും വകയിരുത്തിയിട്ടുണ്ട്.