അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ ഡീപ് ഫേക്ക്. ബൈഡനെ അനുകരിച്ച് കൊണ്ടുള്ള ഡീപ് ഫേക്ക് ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള സ്റ്റേറ്റ് പ്രൈമറിയിൽ ആരും വോട്ട് ചെയ്യരുതെന്ന ജോ ബൈഡന്റെ ശബ്ദത്തിലുള്ള സന്ദേശമാണ് ന്യൂ ഹാംഷെയറിൽ പ്രചരിച്ചത്. ഞായറാഴ്ച രാത്രി മുതൽ പ്രചരിക്കുന്ന വ്യജ സന്ദേശത്തിൽ ന്യൂ ഹാംഷെയർ സ്റ്റേറ്റിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ കുറിച്ചാണ് പരാമർശിക്കുന്നത്. ഈ വോട്ടെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്നും, ആ വോട്ടുകൾ നവംബറിലേക്ക് കരുതണമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോ കോളാണ് വോട്ടർമാർക്ക് ലഭിച്ചതെന്നാണ് പിന്നീട് വ്യക്തമായത്. ‘നിങ്ങളുടെ വോട്ട് മാറ്റങ്ങളുണ്ടാക്കും, ഈ ചൊവ്വാഴ്ചയല്ല മറിച്ച് നവംബറിൽ’ എന്ന് ശബ്ദരേഖയിൽ പറയുന്നതായി ന്യൂ ഹാംഷെയറിലെ വോട്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തിൽ ബൈഡൻ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം ഉണ്ടായിരുന്നതായും വോട്ടർമാർ വിവരിച്ചു.
ജോ ബൈഡന്റെ അനുയായിയായ കാത്തി സള്ളിവന്റെ സ്വകാര്യ നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം ലഭിച്ചതെന്നും ആരോപണം ഉയർന്നു. എന്നാൽ ഈ ആരോപണത്തെ സള്ളിവൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ‘ഡൊണാൾഡ് ട്രംപിനെ തടയാനുള്ള ഈ ജനകീയ മുന്നേറ്റത്തിന്റെ ഊർജം കണ്ട് ഭയന്ന ജനാധിപത്യ വിരുദ്ധ ശക്തികൾ അവിടെ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങളുടെ വോട്ടവകാശത്തെ തുരങ്കം വയ്ക്കാനുള്ള ഒരു ശ്രമത്തിനും ന്യൂ ഹാംഷെയർ വോട്ടർമാർ നിൽക്കില്ല’ – എന്നായിരുന്നു സള്ളിവന്‍റെ പ്രതികരണം.