വാഷിംഗ്ടണ്‍: യുഎസ്സ് കൊപ്പേല്‍ സിറ്റി പ്രോ ടേം മേയറായ ബിജു മാത്യു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ – അമേരിക്കന്‍ പ്രതിനിധികളില്‍ ഒരാളാണ് ബിജു മാത്യു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ എംബസ്സി വഴിയാണ് അവസരമുണ്ടായത്. ഇതുകൂടാതെ ജോണ്‍ എഫ് കെന്നഡി പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററില്‍ നടന്ന യുഎസ് – ഇന്ത്യ വ്യാപര ചര്‍ച്ചയിലും ഇദ്ദേഹം പങ്കെടുത്തു. പ്രമുഖ കമ്പനികളുടെ പ്രതിനിധികളും അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം തന്റെ ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ചു.
ദേശീ ഡയസ്‌പോറയുടെ ക്ഷണ പ്രകാരം റീഗന്‍ സെന്ററില്‍ നടന്ന പരിപാടിയിലും ബിജു മാത്യു പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിച്ചതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞതിലും അഭിമാനമുണ്ടെന്ന് ബിജു മാത്യു പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ബിജു മാത്യു. കൊപ്പേല്‍ റിക്രിയേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റായിരുന്നു. ഐടി മേഖലയിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.