ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് അതിരൂപതയുടെ സഹായ മെത്രാന്‍ ഡേവിഡ് ഒ കോണലിന്റെ വെടിയേറ്റുള്ള മരണം വിശ്വാസികളെ സങ്കടത്തിലാഴ്ത്തി. നാലു പതിറ്റാണ്ടിലേറെ ലോസ് ആഞ്ചലസ് കത്തോലിക്കാ സമൂഹത്തെ നയിച്ച ബിഷപ് പാവപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കുമിടയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു .
വര്‍ഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാര്‍, ദരിദ്രര്‍, സൗത്ത് ലോസ് ഏഞ്ചല്‍സില്‍ തോക്ക് അക്രമത്തിന് ഇരയായവര്‍ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി യോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഹസീന്‍ഡ ഹൈറ്റ്സിലെ ജാന്‍ലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംശയകരമായ മരണം എന്ന നിലയില്‍ അന്വേഷിക്കുന്നെങ്കിലും കൊലയാളികള കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.
2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വര്‍ഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചല്‍സില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാന്‍ ഗബ്രിയേല്‍ പാസ്റ്ററല്‍ റീജിയണിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയായും ഒ കോണല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോസ് ഏഞ്ചല്‍സ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാന്‍ ഡേവിഡ് ഒകോണല്‍ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
വൈദികനായും പിന്നീട് ലോസ് ഏഞ്ചല്‍സില്‍ ബിഷപ്പായും നാല്‍പ്പത്തിയഞ്ച് വര്‍ഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്‌നേഹം പുലര്‍ത്തിയിരുന്ന ആഴമായ പ്രാര്‍ത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം.
ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് സൂചന.