ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിനിടെ 41 വിദേശരാജ്യങ്ങളിലായി മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികളെന്ന് കേന്ദ്രസർക്കാർ. കൂടുതൽ പേർ മരിച്ചത് കാനഡയിലാണ്. ലോക്സഭയിൽ കേരള എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.
അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നൽകിയ രേഖാമൂലമുള്ള മറുപടി. കാനഡയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മരിച്ചത്, 172 പേർ. യുഎസ് (108), യുകെ (58), റഷ്യ (37), ജർമ്മനി (24) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. അയൽരാജ്യമായ പാക്കിസ്ഥാനിലും ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ ആക്രമണങ്ങളിൽ മരിച്ചത് 19 വിദ്യാർത്ഥികളാണ്. കാനഡയിൽ ഒൻപത്, യുഎസിൽ ആറ്, ഓസ്‌ട്രേലിയ, യുകെ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഓരോരുത്തരും വീതമാണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോക്സഭയിൽ അവതരിപ്പിച്ച എംഇഎ ഡാറ്റ സൂചിപ്പിക്കുന്നു. 2022-ൽ 0.75 ദശലക്ഷമായിരുന്നത് 2023-ൽ 0.93 ദശലക്ഷമായി ഉയർന്നു, ഇപ്പോൾ 1.33 ദശലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് കാനഡയിലാണ്, 4.27 ലക്ഷം പേർ. 3.37 ലക്ഷം പേർ യുഎസിലും 1.85 ലക്ഷം പേർ യുകെയിലും, ഓസ്‌ട്രേലിയയിൽ 1.22 ലക്ഷം, ജർമ്മനിയിൽ 42997, യുഎഇയിൽ 25000, റഷ്യയിൽ 24940 പേരും പഠിക്കുന്നുണ്ട്.
കുറഞ്ഞത് 8580 ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയിലും (ഹോങ്കോങ് ഉൾപ്പെടെ), ന്യൂസിലാൻഡിൽ 7300, നേപ്പാളിൽ 2134, സിംഗപ്പൂരിൽ 2000, ജപ്പാനിൽ 1532, ഇറാനിൽ 1020 എന്നിവരും പഠിക്കുന്നുണ്ട്. 14 ഇന്ത്യൻ വിദ്യാർത്ഥികളെങ്കിലും അയൽരാജ്യമായ പാക്കിസ്ഥാനിൽ പഠിക്കുന്നുണ്ട്. യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ, 2510 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും വിദ്യാഭ്യാസം തുടരുന്നുണ്ട്.