നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടാവ ഈ ആഴ്ച ആദ്യം ആറ് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയോ കാനഡക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യുന്ന ഒരു നയതന്ത്രജ്ഞരെയും സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്ന് അവര്‍ പറഞ്ഞു. ‘അവരുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഒട്ടാവയിലെ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് പേരെ പുറത്താക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ പ്രധാനമായും ടൊറന്‌റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിയന്ന കണ്‍വെന്‍ഷന് വിരുദ്ധമായ നയതന്ത്രജ്ഞരെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല’. കൂടുതല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമോ എന്ന ചോദ്യത്തിന് ജോളി മറുപടി പറഞ്ഞു.
ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. 2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‌റില്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു.