ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിടിവി (കാനഡാസ് പ്രൈവറ്റ് ബ്രോഡ്കാസ്റ്റർ) ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.
ഏതൊരു കൊലപാതകവും തെറ്റാണ്. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാർ കൊലപാതകത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമർപ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിജ്ജാർ വധത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ട്രൂഡോ ശ്രമിച്ചതെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഖലിസ്ഥാൻ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചിട്ടുണ്ട്. അത് രാജ്യ താല്പര്യമാണ്. കാനഡയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും രാജ്യത്ത് നരഹത്യ, കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കാനഡയുടെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ അത്തരത്തിൽ യാതൊരു വിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അന്യായമായ കൊലപാതകങ്ങൾ നടത്താതിരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.