ടൊറന്റോ : യുഎസിൽ താമസിച്ചു ജോലി ചെയ്യാനുള്ള എച്ച്1 ബി വീസ കൈവശമുള്ളവരെ അയൽരാജ്യമായ കാനഡ വിളിക്കുന്നു. ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമാകുന്ന കൂടിയേറ്റ പദ്ധതിയാണ് കാനഡ പ്രഖ്യാപിക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ വീസയും ലഭ്യമാക്കും.
യുഎസ് എച്ച്1 ബി വീസയുള്ള 10,000 പേർക്ക് ഉടൻ കാനഡയിലേക്കു പ്രവേശനം നൽകും. ഇതിന് വർക്ക് പെർമിറ്റ് സ്ട്രീം എന്ന പുതിയ വീസ സൃഷ്ടിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു. ജൂലൈ 16 മുതൽ അപേക്ഷിക്കാം. കാനഡ നൽകുന്ന ഓപ്പൺ വർക്ക് പെർമിറ്റിന് 3 വർഷമാണു കാലാവധി. രാജ്യത്തെവിടയുമുള്ള ഏതു കമ്പനിയിലും ജോലി ചെയ്യാം.
കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും താൽക്കാലിക താമസ വീസയ്ക്ക് അപേക്ഷിക്കാം; വിദ്യാഭ്യാസ, തൊഴിൽ വീസ വേണ്ടവർക്ക് അതും ലഭിക്കും. ലോകത്തെ ഒന്നാംകിട ഐടി വിദഗ്ധർക്കെല്ലാം കാനഡയിലെത്തി ജോലി ചെയ്യാൻ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷൻ സ്ട്രീം ഈ വർഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഫ്രേസർ അറിയിച്ചു. ഇവർക്ക് നിലവിൽ ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും കാനഡയുടെ തൊഴിൽ വീസ ലഭിക്കും.
കോവിഡ് മഹാമാരിക്കുശേഷം യുഎസിലെ ഐടി രംഗത്ത് 2 ലക്ഷത്തിലേറെപ്പേർ തൊഴിൽ രഹിതരായി. ഇതിൽ 40% ഇന്ത്യക്കാരാണ്.