ഒട്ടാവ :കാനഡയിലെ 250 സിഖ് ഗുരുദ്വാരകളിൽ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 5000 പേർ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിൽ പ്രൈവറ്റ്, നോൺപ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ് പ്രൈവറ്റ് ഗുരുദ്വാരകൾ. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ നിയന്ത്രണത്തിലാണ് നോൺപ്രോഫിറ്റ് ഗുരുദ്വാരകളുടെ പ്രവർത്തനം. ഗുരുദ്വാരയിൽ കസേരകളും പായകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 1980 മുതൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഗുരുദ്വാരയിലെ ഹാളില്‍ കസേരകൾ ഉപയോഗിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പായകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന വാദമാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പിൽ ആരാണോ ജയിക്കുന്നത് ആ വിഭാഗത്തിന്റെ തീരുമാനമാണ് നോൺപ്രോഫിറ്റ് ഗുരുദ്വാരകളിൽ നടപ്പാക്കുന്നത്ബ്രിട്ടിഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗൺസിലിന്റെ കീഴിൽ 8 ഗുരുദ്വാരകളുണ്ട്. ഖലിസ്ഥാൻ അനുകൂല കമ്മിറ്റികള്‍ക്കാണ് ഈ ഗുരുദ്വാരകളുടെ ചുമതല.