കാനഡ കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്തയുമായി കനേഡിയന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. എക്‌സ് പ്രസ് എന്‍ട്രി വഴി രാജ്യത്തെത്തുന്നവര്‍ക്കായുള്ള വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ വരുത്താനാണ് കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ നടപടികളിലാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനിമുതല്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി സ്‌കീം വഴി അപേക്ഷിക്കുന്ന സമയത്ത് മുന്‍കൂര്‍ മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമില്ലാതാക്കാനാണ് പുതിയ തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തവരുടെ അപേക്ഷകള്‍ തള്ളരുതെന്നാണ് പ്രോസസിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. എപ്പോള്‍ ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ (IME) ആവശ്യമായി വരും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ അപേക്ഷകരോട് ആവശ്യപ്പെടും.
പുതിയ നിര്‍ദേശം വന്നതോടെ എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരു മുന്‍കൂര്‍ മെഡിക്കല്‍ പരിശോധന (യുഎഫ്എം) പൂര്‍ത്തിയാക്കി സമര്‍പ്പിക്കേണ്ടതില്ല. മറ്റ് ഘടകങ്ങള്‍ പരിഗണിച്ച് അവസാനമായിട്ടായിരിക്കും മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുക. നേരത്തെ തന്നെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനും അവസരമുണ്ടാകും.
ചുരുക്കത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സമര്‍പ്പിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ഇമിഗ്രേഷന്‍ വകുപ്പ് തള്ളുകയില്ലെന്നര്‍ത്ഥം. മറ്റ് കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് കൂടി പണം മുടക്കേണ്ടി വരില്ല. എക്‌സ്പ്രസ് എന്‍ട്രിയില്‍, സ്ഥിര താമസത്തിനായി അപേക്ഷകര്‍ ഒരു പൂര്‍ണ്ണ ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള ക്ഷണം ഇഷ്യൂ ചെയ്ത 60 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് ചെയ്യേണ്ടത്.കാനഡയിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് വേഗത്തില്‍ വിസ ലഭിക്കുന്ന സ്‌കീമായിരുന്നു ഇത്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് (എഫ്എസ്ഡബ്ല്യുസി), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ് (എഫ്എസ്ടിസി) എന്നിവയിലൂടെ സാമ്പത്തിക കുടിയേറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഉപയോഗിക്കുന്ന സംവിധാനമാണ് എക്‌സ്പ്രസ് എന്‍ട്രി. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്ക് ഒരു മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നിര്‍ബന്ധിതമായിരുന്നു.