ഒരിടവേളക്ക് ശേഷം കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കടുത്ത തൊഴില്‍ പ്രതിസന്ധിയുടെ വാര്‍ത്തകള്‍ സമീപകാലത്തായി പുറത്തുവന്നിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ രാജ്യങ്ങളിലൊന്ന് കാനഡ തന്നെയാണ്. പഠനത്തിനും, ജോലിക്കുമായി കാനഡ താണ്ടുന്ന മലയാളികളുടെ എണ്ണം വരും വര്‍ഷങ്ങളിലും കൂടുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.
ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ കാനഡയിലെ ജോബ് മാര്‍ക്കറ്റിനെ കുറിച്ച് കൃത്യമായൊരു ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അവസരങ്ങളുള്ള മേഖല കണ്ടെത്തുകയും, അത് നേടിയെടുക്കുകയും വേണം. കൂട്ടത്തില്‍ ലഭിക്കാവുന്ന ശമ്പളത്തിന്റെ കാര്യത്തിലും കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ട്.
കാനഡയെ സംബന്ധിച്ച് തൊഴില്‍ വൈദഗ്ദ്യവും, യോഗ്യതയും ഉള്ളവര്‍ക്ക് ഉയര്‍ന്ന വരുമാനം തന്നെ നേടാനാവും. ഓരോ മേഖലയിലും നിരവധി അവസരങ്ങളും രാജ്യം നിങ്ങള്‍ക്ക് മുന്നോട്ട് വെക്കുന്നുണ്ട്. അത്തരത്തില്‍ വരും വര്‍ഷങ്ങളില്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കാവുന്ന തൊഴില്‍ മേഖലകള്‍ നമുക്കൊന്ന് പരിചയപ്പെടാം.
മെഡിക്കല്‍ അനെസ്‌തെഷ്യോളജിസ്റ്റ്
നിലവിലെ കണക്കുകള്‍ അനുസരിച്ച് മെഡിക്കല്‍ അനസ്‌തെഷ്യോളജിസ്റ്റുകളാണ് വരുമാനത്തിന്റെ കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ച ഒരു വിഭാഗം. ഏറ്റവും കൂടുതല്‍ പ്രതിഫലവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 2.5 കോടിക്കടുത്താണ് അംഗീകൃത അനസ്‌തെഷ്യോളജിസ്റ്റുകള്‍ക്ക് പ്രതിവര്‍ഷം ശമ്പളയിനത്തില്‍ മാത്രം ലഭിക്കുക.
കാര്‍ഡിയോളജിസ്റ്റ്, സര്‍ജന്‍, സൈക്യാട്രിസ്റ്റ്
കാര്‍ഡിയോളജിസ്റ്റായി തൊഴിലെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2.3 കോടി രൂപക്കടുത്ത് ശമ്പളം ലഭിക്കുന്നുണ്ട്. സമാനമാണ് സര്‍ജന്‍മാരുടെയും, സൈക്യാട്രിസ്റ്റുമാരുടെയും കാര്യം. സര്‍ജന് പ്രതിവര്‍ഷം രണ്ട് കോടി 30 ലക്ഷത്തിനടുത്തും, സൈക്യാട്രിസ്റ്റിന് രണ്ട് കോടിക്ക് മുകളിലും ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍
ലിങ്ക്ഡ് ഇന്‍ പ്രകാരം ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍മാരാണ് പട്ടികയില്‍ അടുത്തത്. കമ്പനിയുടെ വലിപ്പത്തിനനുസരിച്ചാണ് ഇവര്‍ക്ക് ശമ്പളം നിശ്ചയിക്കുന്നത്. ശരാശരി 1 കോടി 27 ലക്ഷം രൂപ വരെയൊക്കെ പ്രതിവര്‍ഷം ശമ്പളയിനത്തില്‍ ഇവര്‍ക്ക് അനുവദിക്കാറുണ്ട്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
എല്ലാ രാജ്യങ്ങളിലും വലിയ സാധ്യതകളുള്ള ജോലിയാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. കാനഡയിലെ ബ്രൗണ്‍സ് വിക്ക്, ഒന്റാറിയോ, ക്യൂബെക് എന്നീ പ്രവിശ്യകളില്‍ ഇത്തരക്കാര്‍ക്ക് വമ്പിച്ച ഡിമാന്റാണുള്ളത്. പ്രതിവര്‍ഷം ഏകദേശം 90 ലക്ഷം രൂപ വരെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് സമ്പാദിക്കാനാവും.
കോര്‍പ്പറേറ്റ് ലോയര്‍
കോര്‍പ്പറേറ്റ് ലോയര്‍ തസ്തികയില്‍ ജോലിയെടുക്കുന്ന ഒരാള്‍ക്ക് 70 ലക്ഷം രൂപ വരെ പ്രതിവര്‍ഷം അടിസ്ഥാന ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.