ഓട്ടവ (കാനഡ) : വിദേശ വിദ്യാർഥികൾ ജീവിതച്ചെലവിനു കൈവശമുള്ളതായി കാണിക്കേണ്ട മിനിമം തുകയുടെ പരിധി കാനഡ ഇരട്ടിയാക്കി. ജനുവരി 1 മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകർ 10,000 കനേഡിയൻ ഡോളറിനു (6.14 ലക്ഷം രൂപ) പകരം 20,635 ഡോളർ (12.67 ലക്ഷം രൂപ) കരുതണമെന്നു കുടിയേറ്റ മന്ത്രി മാർക് മില്ലർ വ്യക്തമാക്കി. 2 പതിറ്റാണ്ടായി മാറ്റമില്ലാതിരുന്ന തുകയാണ് ഇപ്പോൾ വർധിപ്പിച്ചത്. ഇനി എല്ലാ വർഷവും ജീവിതച്ചെലവു സൂചികയനുസരിച്ച് തുക പുനരവലോകനം ചെയ്യും. കാനഡയിലുള്ള ഏറ്റവും വലിയ വിദേശവിദ്യാർഥി സമൂഹം ഇന്ത്യക്കാരാണ്–3.19 ലക്ഷം.
നിലവിലുള്ള വിദ്യാർഥികൾക്ക് പാർട് ടൈം ജോലി ആഴ്ചയിൽ 20 മണിക്കൂർ എന്ന വ്യവസ്ഥയിലുള്ള ഇളവ് 2024 ഏപ്രിൽ 30 വരെ നീട്ടി. ഇത് ആഴ്ചയിൽ 30 മണിക്കൂറായി വർധിപ്പിക്കുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം സെപ്റ്റംബർ ഒന്നിനു മുൻപു കോഴ്സുകൾക്കു ചേരുന്നവർക്ക് പകുതിയിൽ കവിയാത്ത തരത്തിൽ ഓൺലൈൻ പഠനരീതിയും അനുവദിക്കും. വർക്ക് പെർമിറ്റ് അവസാനിക്കുന്നവർക്ക് 18 മാസം കൂടി കാലാവധി നീട്ടിനൽകുന്ന രീതി അടുത്തമാസം മുതലുണ്ടാകില്ല. നിലവാരമില്ലാത്ത സ്ഥാപനങ്ങളുള്ളതും മതിയായ താമസസൗകര്യമില്ലാത്തതുമായ പ്രവിശ്യകളിൽ വീസാ നിയന്ത്രണം പരിഗണിക്കും.