ടൊറന്‍റോ : കാനഡയിലെ എഡ്മണ്ടനിൽ വെള്ളിയാഴ്ച ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 20 വയസ്സുകാരനായ ഹർഷൻദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എഡ്മണ്ടൻ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം. 107 അവന്യൂവിലെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വെടിയേറ്റ് നിലയിൽ കണ്ടെത്തിയ ഹർഷൻദീപ് സിങ്ങിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നംഗ സംഘത്തിലെ ഒരാൾ ഹർഷൻദീപ് സിങ്ങിനെ പടവുകളിൽ നിന്ന് താഴേക്ക് തള്ളുന്നതും മറ്റൊരാൾ പിന്നിൽ നിന്ന് വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്‌സ് (30) എന്നിവരെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഹർഷൻദീപിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തും.
ഒരാഴ്ചയ്ക്കിടെ കാനഡയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് ഹർഷൻദീപ് സിങ്. ഡിസംബർ ഒന്നിന് ഒന്‍റാറിയോയിൽ ഗുരാസിസ് സിങ് (22) എന്ന വിദ്യാർഥി കുത്തേറ്റ് മരിച്ചിരുന്നു.