ടൊറന്റോ: അധിക നികുതി ചുമത്തുകയും 51ാം സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ശക്തമായി മറുപടിയുമായി കാനഡ പ്രധാനമന്ത്രി മാർക് കാർണി. കാനഡയുടെ പരമാധികാരത്തെ മാനിക്കാതെ ട്രംപുമായി ചർച്ചക്കില്ലെന്ന് കാർണി പറഞ്ഞു. ട്രംപിന്റെ താരിഫ് യുദ്ധത്തിൽ അമേരിക്കക്കാർക്ക് തന്നെയാണ് ഏറ്റവും നഷ്ടം നേരിടേണ്ടിവരിക. അതുകൊണ്ട് തന്നെ കാനഡയുടെ പരമാധികാരത്തെ മാനിച്ച് അമേരിക്കക്കാർ സമഗ്രമായ ചർച്ചക്ക് തയാറാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാനഡയുടെ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, ഏപ്രിൽ രണ്ടിന് എല്ലാ കനേഡിയൻ ഉൽപന്നങ്ങൾക്കും വൻ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞതോടെയാണ് കാർണി ലിബറൽ പാർട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി പദവിയും ഏറ്റെടുത്തത്. ട്രംപിന്റെ ഭീഷണിയും താരിഫ് യുദ്ധവും ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ വിജയസാധ്യത ഉയർത്തിയിരിക്കുകയാണ്.