ഒട്ടോവ: ഇന്ത്യാവിരുദ്ധര്‍ക്ക് ഒത്താശചെയ്യുന്ന കാനഡയ്‌ക്കെതിര ഇന്ത്യാഗവണ്മെന്റ് എടുത്ത കടുത്ത നടപടികള്‍ ഫലം കാണുന്നു. ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ച നടത്താനുള്ള തീവ്രശ്രമത്തിലാണ് കാനഡ. സ്വകാര്യ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കനാണ് നീക്കം. അതിനു കളമൊരുക്കാനായി കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് സുരക്ഷ നല്‍കാനും ഖലിസ്ഥാന്‍ വാദികളുടെ സാന്നിധ്യം കുറക്കാനും അവരുടെ പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യാനും നടപടി ആരംഭിക്കുകയും ചെയ്തു. നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി സ്വകാര്യ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കാനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
‘ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടിരുന്നു. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ പ്രധാനമാണ്. വിഷയത്തില്‍ ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ച നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു,’ – കനേഡിയന്‍ മന്ത്രി പറഞ്ഞു.
രാജ്യത്ത് നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ഒക്ടോബര്‍ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ 10ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും വിഷയവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാനഡയ്ക്ക് ഇന്ത്യയില്‍ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്ത്യയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. 2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് കൊല്ലപ്പെട്ടത്