ടൊറന്റോ: ഇന്ത്യ, കാനഡ നയതന്ത്ര പ്രശ്നം തങ്ങളുടെ തൊഴിലവസരത്തിനെ ബാധിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ. ഇന്ത്യൻ വിദ്യാർഥികൾക്ക് സഹപാഠികളും സ്വദേശികളുമായി ഇടപെടുന്നതിൽ പ്രതിസന്ധി അനുഭവപ്പെട്ടിട്ടില്ലെങ്കിലും പഠനം പൂർത്തിയായാൽ മികച്ച ജോലി ലഭിക്കുമോ എന്ന കാര്യത്തിൽ അവർക്ക് ആശങ്കയുള്ളതായി വിദ്യാർഥികളെ ഉദ്ധരിച്ച് പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം കാനഡയിൽ ഏറ്റവും കൂടുതൽ പഠനാനുമതി ലഭിച്ചത് ഇന്ത്യക്കാർക്കാണ്.
2,26,450 ഇന്ത്യൻ വിദ്യാർഥികൾ 2022ൽ ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തി. ആഗോള വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ എരുഡെരയുടെ കണക്കനുസരിച്ച് കാനഡയിലെ ആകെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 8,07,750ആണ്. ഇതിൽ 551,405 പേർക്ക് പഠനാനുമതി ലഭിച്ചത് കഴിഞ്ഞ വർഷമാണ്.
ടൊറന്റോയിലെയും മറ്റു കനേഡിയൻ നഗരങ്ങളിലെയും ഉയർന്ന ജീവിതച്ചെലവ് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പഠനശേഷം നല്ല ജോലി ലഭിക്കുന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ ബുദ്ധിമുട്ട് സഹിക്കുന്നത്.