ഓട്ടവാ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ന്നതിനുശേഷം അത് പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ഇതാദ്യമായി കാനഡ സ്ഥിരീകരിച്ചു.
വിവാദം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായി സ്ഥിരീകരിക്കുന്നത്. കാനഡക്കാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് തങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബന്ധപ്പെടുന്നതെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
”ഞാന്‍ വിദേശകാര്യ മന്ത്രിയുമായും മന്ത്രി ജയശങ്കറുമായും ബന്ധപ്പെട്ടിട്ടുണ്ട്, ഞങ്ങള്‍ അത് തുടരും.” ടൊറന്റോയില്‍ നടന്ന ഒരു പരിപാടിയില്‍ മെലാനി ജോളി വെളിപ്പെടുത്തി.
‘ദശകങ്ങളായി നീണ്ടുനില്‍ക്കുന്ന ബന്ധത്തിലെ ഒരു നിമിഷമാണിതെന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്, ഇത് നമ്മളുടെ രണ്ട് ജനതകള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തില്‍ അധിഷ്ഠിതമാണ്.’ഇക്കണോമിക് ക്ലബ് ഓഫ് കാനഡയില്‍ നടത്തിയ പ്രസംഗത്തിനിടെ അവര്‍ പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞതിനെ പിന്താങ്ങുന്നതാണ് ജോളിയുടെ വാക്കുകള്‍. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലേക്കാണെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു. അതേസമയം കനേഡിയന്‍ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളുമായി ഇന്ത്യക്ക് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങള്‍ കനേഡിയന്‍മാരെ അറിയിക്കാനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഇത് കാനഡയുടെ ദേശീയ പരമാധികാരവും കാനഡക്കാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഒരു വിഷയമാണ്. ഈ ഗൗരവമേറിയ വിഷയത്തെ അഭിസംബോധന ചെയ്യുന്നതില്‍ നമ്മള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണ്-മെലാനി ജോളി പറഞ്ഞു.
‘ഇന്ത്യയുടെ കാര്യത്തില്‍ കാനഡയ്ക്ക് ദീര്‍ഘകാല സമീപനമാണ്’ ഉള്ളതിനാല്‍ തന്റെ ഇന്ത്യന്‍ സഹപ്രവര്‍ത്തകനുമായി (ജയശങ്കര്‍) സംസാരിക്കുന്നത് തുടരുമെന്ന് ജോളി പറഞ്ഞു.
തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവച്ച കാനഡക്കാരുടെ വിസ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഒക്ടോബര്‍ 26 ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു.
ബ്രിട്ടീഷ് കൊളംബിയയില്‍ ജൂണ്‍ 18 ന് ഖാലിസ്ഥാനി തീവ്രവാദി നിജ്ജാര്‍ ഹര്‍ദീപ് സിങ്ങിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ട് എന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് കാനഡയിലെയും ലോകമെമ്പാടുമുള്ള കനേഡിയന്‍ പൗരന്മാരുടെയും സേവനങ്ങള്‍ ന്യൂഡല്‍ഹി നിര്‍ത്തി ഒരു മാസത്തിന് ശേഷമാണ് ഇവ പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.