ഒട്ടാവ: ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാടിനോട് എതിര്‍പ്പ് രേഖപ്പെടുത്തി ഒരു വിഭാഗം കനേഡിയന്‍ പൗരന്മാര്‍. നിജ്ജാറിന്റെ ഭീകര പശ്ചാത്തലത്തെ നിസാരവത്ക്കരിച്ചുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ സമീപനത്തെയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെയും കൊലപ്പെടുത്തിയവരെ അഭിനന്ദിക്കുന്ന നിജ്ജാറിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാണ്. ഗുരുദ്വാരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നിജ്ജാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ ജൂണില്‍ വാന്‍കൂവറിന് സമീപത്ത് വച്ചാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് കനേഡിയന്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തീവ്രവാദത്തിന് ധനസഹായം നല്‍കിയതിനും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന വിഘടനവാദി നേതാവായിരുന്നു നിജ്ജാര്‍.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ ജോര്‍ദാന്‍ ബി പീറ്റേഴ്സണ്‍, മുന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കീന്‍ ബെക്സ്റ്റെ, ടെറി മിലേവ്സ്‌കി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പശ്ചാത്തലത്തെ ഗൗരവത്തിലെടുക്കാത്തതുസംബന്ധിച്ച് ട്രൂഡോ സര്‍ക്കാരിനെ ചോദ്യം ചെയ്തു.
”പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയുള്ളവരുടെ കൊലപാതകങ്ങളെയാണ് നിജ്ജാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നിജ്ജാര്‍ കൊല്ലപ്പെടണം എന്നല്ല, എന്നാല്‍ പഞ്ചാബിലെ ഒരു മുഖ്യമന്ത്രിയെ (ഒപ്പം 16 പേരെയും) കൊലപ്പെടുത്തിയ ചാവേറിനെയാണ് അയാള്‍ അഭിനന്ദിക്കുന്നത്”മിലേവ്‌സ്‌കി എക്സിലെ (പഴയ ട്വിറ്റര്‍) പോസ്റ്റില്‍ കുറിച്ചു.
നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിംഗ്, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി എന്നിവരാണ് ഖാലിസ്ഥാന്‍ വിഷയത്തില്‍ കാനഡയെ കുടുക്കിയിരിക്കുന്നതെന്ന് ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ ആരോപിച്ചു. ”കാനഡ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. ജഗ്മീത് സിംഗ്, എന്‍ഡിപി, ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ക്ക് നന്ദി,” ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.
നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തെ ബാധിച്ചു. കാനഡ കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കി. ഇതിനെതിരെ ഇന്ത്യ കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും ഇന്ത്യയിലേയ്ക്കുള്ള കനേഡിയന്‍ പൗരന്മാരുടെ വിസാ സേവനങ്ങള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ ‘അസംബന്ധമാണെന്നാണ്’ ഇന്ത്യ പ്രതികരിച്ചത്.