ഓട്ടവ: ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് കൊല്ലപ്പെട്ട സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ത്യയോട് കൂടുതല്‍ സഹകരണം തേടി കാനഡ.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം പരാജയപ്പെടുത്തിയെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണത്തോട് കൂടുതല്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ‘അമേരിക്കയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മള്‍ ആദ്യം മുതല്‍ സംസാരിച്ചിരുന്നതിനെ കൂടുതല്‍ അടിവരയിടുന്നതാണ്. അതായത് ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്,’ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
അതേസമയം ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തക്കെതിരെ(52) കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്. പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ ഡല്‍ഹി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ‘ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉള്‍പ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍, ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനെയും രാഷ്ട്രീയ പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി’ കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ പറയുന്നു.
കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറഞ്ഞു. യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കൊലപാതകം നടത്താന്‍ ഒരു കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനുപുറമെ 2023 ജൂണ്‍ 9ന് ഇതിനകം 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നു. ‘അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന്’ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.
സിഖ് തീവ്രവാദിയെ അമേരിക്കയില്‍ വച്ച് കൊല്ലാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കിയതായി ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും പരിശോധിക്കാന്‍ നവംബര്‍ 18ന് ഇന്ത്യ ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.