ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമാണെന്ന് കാനഡയുടെ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. ഇന്‍ഡോ-പസഫിക് തന്ത്രം പോലെയുള്ള പങ്കാളിത്തം തന്റെ രാജ്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമ്പോഴും ഇന്ത്യയുമായുള്ള നിര്‍ണായകമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അതേസമയം ആരോപണങ്ങളിലെ സത്യം കണ്ടെത്താനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ദി വെസ്റ്റ് ബ്ലോക്കില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍, ഇന്ത്യയുമായുള്ള ബന്ധം ”പ്രധാനം” ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ ആ പങ്കാളിത്തം തുടരുമെന്ന് ബ്ലെയര്‍ വ്യക്തമാക്കി. ”ഇന്ത്യയുമായുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു,” അദ്ദേഹം പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നിയമം സംരക്ഷിക്കാനും, പൗരന്മാരെ സംരക്ഷിക്കാനും, സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താനും തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബ്ലെയര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, ”കനേഡിയന്‍ മണ്ണില്‍ ഒരു പൗരന്റെ കൊലപാതകത്തില്‍ പരമാധികാരത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് വലിയ ആശങ്കയുണ്ടായിരിക്കുമെന്നും” ബ്ലെയര്‍ പറഞ്ഞു.
ഇന്‍ഡോ-പസഫിക് നയതന്ത്രബന്ധം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായെന്നും ബ്ലെയര്‍ പറഞ്ഞു.
ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ (45) തന്റെ രാജ്യത്തിന്റെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ ”സാധ്യത” ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സ്‌ഫോടനാത്മക ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തു. 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച, കാനഡയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കും എതിരെ ശക്തമായി ഇറങ്ങാന്‍ ഇന്ത്യ ആവശ്യപ്പെടുകയും കനേഡിയന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു, നിജ്ജാറിനെ കൊന്നതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവരുടെ ബന്ധത്തെ എക്കാലത്തെയും മോശം നിലയിലേക്ക് തള്ളിവിട്ടു.