ഓട്ടവ: ഇന്ത്യയുമായി ഒരു തരത്തിലുമുള്ള പോരാട്ടം ആഗ്രഹിക്കുന്നില്ലെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ-കാനഡ ബന്ധത്തില്‍ ഇന്ത്യയുടെ നിലപാടുകളില്‍ ‘സ്വരംമാറ്റം’ ഉണ്ടെന്ന് തോന്നുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നുവിനെകൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണിത് തോന്നിയത്. ഇനിയെങ്കിലും ഇതിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന് ഇന്ത്യ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞേക്കുമെന്നും ട്രൂഡോ പറഞ്ഞു.
‘അവര്‍ക്ക് ഈ സാഹചര്യത്തിലൂടെ തന്നെ കടന്നുപോകാന്‍ കഴിയില്ലെന്ന ഒരു ധാരണ ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരുപക്ഷേ അവര്‍ മുമ്പ് പ്രകടിപ്പിക്കാത്ത വിധത്തില്‍ സഹകരിക്കാനുള്ള തുറന്ന മനസ്സുണ്ട്,” കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞതായി സിബിസി റിപ്പോര്‍ട്ട് ചെയ്തു.
”ഒരുപക്ഷേ, കാനഡയ്‌ക്കെതിരായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിലൂടെ ഈ പ്രശ്‌നം ഇല്ലാതാക്കാന്‍ പോകുന്നില്ലെന്നും ധാരണ വന്നു. ഇതിന്റെ പേരില്‍ ഇന്ത്യയുമായി ഇപ്പോള്‍ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ കാനഡ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും വേണ്ടി നിലകൊള്ളേണ്ടതുണ്ട്’, ട്രൂഡോ വ്യക്തമാക്കി.
ഞങ്ങള്‍ ആ വ്യാപാര കരാറില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്‍ഡോ-പസഫിക് തന്ത്രവുമായി മുന്നോട്ട് പോകാനും ആഗ്രഹമുണ്ട്. എന്നാല്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും വേണ്ടി നിലകൊള്ളുന്നത് കാനഡയുടെ അടിസ്ഥാന പരിഗണനയാണ്,’ ട്രൂഡോ പറഞ്ഞു.
നവംബര്‍ 29 ന്, അമേരിക്കന്‍ പൗരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെയുള്ള കൊലപാതക ഗൂഢാലോചനയില്‍ 52കാരനായ നിഖില്‍ ഗുപ്തയ്ക്ക് പങ്കുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. ഇതോടെ അത്തരത്തിലുള്ള ഏതൊരു പ്രവൃത്തിയും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്ന് പ്രസ്താവിച്ച ഇന്ത്യ, വിഷയത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
കനേഡിയന്‍ പൗരനായിരുന്ന ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഇക്കാര്യം കാനഡയിലെ ഏജന്‍സികള്‍ അന്വേഷിക്കുന്നതായും സെപ്റ്റംബറില്‍ ട്രൂഡോ പാര്‍ലമെന്റിനെ അറിയിച്ചു. ഇത് പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭൂതപൂര്‍വമായ നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു.
അതേസമയം പന്നൂനിനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്ന സംഭവത്തിലെ അന്വേഷണത്തില്‍ യുഎസുമായി സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കനേഡിയന്‍ അന്വേഷണത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറല്ല. കേസില്‍ കനേഡിയന്‍ അധികാരികളില്‍ നിന്ന് തെളിവുകളൊന്നും ലഭിക്കാത്തതാണ് തീരുമാനത്തിന് കാരണമെന്ന് ഒട്ടാവയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു. കനേഡിയന്‍ അധികൃതരുടെ അന്വേഷണത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമ്പോള്‍ എന്തിനാണ് യുഎസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ സഹകരിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു മറുപടി.
യുഎസുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ സ്വാധീനിച്ചത് വാഷിംഗ്ടണ്‍ ന്യൂഡല്‍ഹിയുമായി പങ്കിട്ട വിശദമായ വിവരങ്ങളാണ്. കൊലപാതക ഗൂഢാലോചനയെക്കുറിച്ചുള്ള ഈ വിവരങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നു. മറുവശത്ത്, കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും നിജ്ജാര്‍ കൊലപാതക കേസിലെ അന്വേഷണത്തെക്കുറിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വര്‍മ്മ വെളിപ്പെടുത്തി