ന്യൂഡല്‍ഹി: കാനഡയില്‍ പോയി പഠിക്കാനും അവിടെ ജോലിതേടി സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് 2023 ല്‍ വിസ അപേക്ഷകള്‍ 40% കുറഞ്ഞുവെന്നാണ് സമീപകാലത്ത് പുറത്ത് വന്ന ചില വിവരങ്ങള്‍ കാണിക്കുന്നത്. 2022 ജൂലൈയ്ക്കും ഒക്ടോബറിനും ഇടയില്‍, കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദേശം 146000 പുതിയ വിദ്യാര്‍ത്ഥി വിസകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2023 ലെ ഇതേ കാലയളവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 87000 ല്‍ താഴെ പേര്‍ക്ക് മാത്രമാണ്.
2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസ പ്രോസസ്സിംഗില്‍ 60000 കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പ്രചരണവും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഇടര്‍ച്ചയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.
കാനഡയിലെ പല കോളേജുകളിലും ബഹുഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും ആശ്രയിക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ തന്നെ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം അപേക്ഷകളില്‍ കുറവുണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ കാനഡയില്‍ പഠിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
2022ല്‍, 184 രാജ്യങ്ങളില്‍ നിന്നുള്ള 551,405 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്തു. 2022-ല്‍ കാനഡയില്‍ പ്രവേശിക്കുന്ന പുതിയ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ഒന്നാം നമ്പര്‍ ഉറവിടം ഇന്ത്യയുമായിരുന്നു. അതായത് ഏകദേശം 226450 പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു.
പ്രതിസന്ധികള്‍ ശക്തമായതോടെ ഇന്ത്യക്കാരുടെ താല്‍പര്യം കുറഞ്ഞെങ്കിലും ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നും സമീപകാലത്ത് പുറത്ത് വന്ന സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ചു. പ്രത്യേകിച്ചും, 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ പ്രോസസ്സ് ചെയ്ത മറ്റെല്ലാ രാജ്യങ്ങള്‍ക്കുമുള്ള സ്റ്റഡി പെര്‍മിറ്റുകളുടെ അളവില്‍ 34% വര്‍ദ്ധനവുണ്ടായി. 2023 ഡിസംബറോടെ, മുന്‍ വര്‍ഷത്തേക്കാള്‍ 52% കൂടുതല്‍ സ്റ്റഡി പെര്‍മിറ്റുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു.