ടൊറന്റോ: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ ഭീഷണി നേരിടുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കാനഡയിലെ സ്ഥിതിഗതികള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കാനഡയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കാനഡ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും ജയശങ്കര്‍ പറഞ്ഞു.
കാനഡക്ക് പുറമെ ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണി നേരിട്ടിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. പല തരത്തിലുള്ള ഭീഷണികളാണ് നേരിടുന്നത്. കാനഡയിലെ സംവിധാനത്തില്‍ നിന്ന്് വളരെ കുറച്ച് ആശ്വാസമേ ലഭിച്ചുള്ളുവെന്നും ജയശങ്കര്‍ പറഞ്ഞു.
തങ്ങള്‍ ഒരു ജനാധിപത്യ രാജ്യമാണെന്ന് കാനഡ പറയുകയും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് തന്നെ ആളുകള്‍ ഇതൊക്കെ പറയാറുണ്ടെന്നുമാണ് കാനഡ ആവര്‍ത്തിക്കുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം തങ്ങളുടെ കടമ നിര്‍വഹിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലേക്ക് എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരെ സ്മോക് ബോംബുകള്‍ എറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അക്രമവും വിഘടനവാദവും അനുവദിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
യു കെയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഓസ്്രേടലിയയിലും യു എസിലും കൂടുതല്‍ ദൃഢമായ പ്രതികരണം കാണുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.
ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് കടന്നത്. എന്നാല്‍ നയതന്ത്ര ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം വിദേശകാര്യ മന്ത്രി പറഞ്ഞിരിക്കുന്നത്.