Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിലുള്ള കാനഡക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലുള്ള കാനഡക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴുകയും കാനഡക്കെതിരെ സോഷ്യല്‍ മീഡിയയില്‍  പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് കാനഡ.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.  2020 ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കിയതിന് പിന്നാലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. ‘കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ദയവായി ജാഗ്രത പാലിക്കുക’ കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും കഴിഞ്ഞയാഴ്ച്ച അവസാനത്തോടെ വിസ സേവനങ്ങള്‍ നിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നാണിതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖാലിസ്ഥാന്‍ പ്രതിഷേധംത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രതിഷേധ ആഹ്വാനത്തെത്തുടര്‍ന്നാണ് കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുക്ഷാവലയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പോലീസിനെയും ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തില്‍ ഇന്ത്യക്ക് ബന്ധം ഉണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുകയും ഇത് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖാലിസ്ഥാനി സംഘടനകളുടെ പ്രതിഷേധാഹ്വാനം.

എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. ഇന്ത്യന്‍  നയതന്ത്രജ്ഞരെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ ഉത്തരവിറക്കി.

അതേസമയം നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എംബസികള്‍ക്കും ടൊറന്റോ, ഒട്ടാവ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് നടക്കുന്ന പ്രകടനങ്ങള്‍ക്ക് തന്റെ സംഘടന നേതൃത്വം നല്‍കുമെന്ന് കാനഡയിലെ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഡയറക്ടര്‍ ജതീന്ദര്‍ സിംഗ് ഗ്രെവാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇന്ത്യന്‍ അംബാസഡറെ പുറത്താക്കാന്‍ കാനഡയോട് ആവശ്യപ്പെടുകയാണെന്നും ഗ്രെവാള്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com