ആല്‍ബര്‍ട്ട: എഡ്മണ്ടണിലെ ഗുരുനാനാക്ക് ഗുരുദ്വാരയുടെ പ്രസിഡന്റും പ്രമുഖ ബില്‍ഡറുമായ ബൂട്ട സിംഗ് ഗില്‍ വെടിയേറ്റ് മരിച്ചു. ആല്‍ബെര്‍ട്ടാ പ്രവിശ്യയിലെ മില്‍വുഡ് റെക് സെന്ററിന് സമീപമുള്ള ഗില്ലിന്റെ നിര്‍മ്മാണ സൈറ്റിലാണ് സംഭവം.
ഗില്ലിനോടൊപ്പം സൈറ്റിലെ സിവില്‍ എഞ്ചിനീയര്‍ സരബ്ജീത് സിംഗിനും വെടിയേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സരബ്ജീത് സിംഗ് ആശുപത്രിയിലാണ്.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നിര്‍മ്മാണ സ്ഥലത്തുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജനായ നിര്‍മ്മാണ തൊഴിലാളി ഗില്ലിനും സിംഗിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്കുനേരെ രണ്ടു മൂന്നു തവണ ഭീഷണി കോളുകള്‍ ലഭിച്ചതായി ഗില്‍ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഡ്മണ്ടണിലെ മറ്റ് ബില്‍ഡര്‍മാര്‍ക്കും ഭീഷണി കോളുകള്‍ ലഭിക്കുന്നതായും പുതുതായി നിര്‍മ്മിച്ച വീടുകള്‍ക്ക് തീയിടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എഡ്മണ്ടണിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റിയിലെ ഭവന നിര്‍മ്മാതാക്കളെ ലക്ഷ്യമിട്ടുള്ള കൊള്ളയടിക്കല്‍ പരമ്പരയ്ക്ക് പിന്നില്‍ ഇന്ത്യയിലെ ഒരു ക്രിമിനല്‍ ശൃംഖലയാണെന്ന് എഡ്മണ്ടന്‍ പൊലീസ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഒരു ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് അഞ്ച് കൊള്ള, 15 തീവെയ്പ്, ഏഴ് വെടിവെപ്പുകള്‍ എന്നിവ കാനഡ ആസ്ഥാനമായുള്ള സിബിസി ന്യൂസ് 27 റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാദേശിക പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഇന്ത്യയിലെ 0ക്രിമിനല്‍ സംഘം കാനഡയില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയച്ചു. വാട്സ്ആപ്പ് കോളുകള്‍ വഴിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്.