ഒട്ടാവ: കൂടുതല്‍ പേര്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതിന് പ്രത്യേക നടപടികളുമായി കാനഡ സര്‍ക്കാര്‍. ഹലാല്‍ പണയമിടപാടുകളടക്കം സാധ്യമാക്കിക്കൊണ്ട് മുസ്ലിം വിഭാഗത്തിലേക്ക് കൂടി വീട്ടുടമസ്ഥത സംവിധാനമെത്തിക്കാനാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിദേശികള്‍ക്ക് രാജ്യത്ത് വീട് വാങ്ങുന്നതിനുള്ള വിലക്ക് കാനഡ സര്‍ക്കാര്‍ നീട്ടിയിരുന്നു. എന്നാല്‍ ഹലാല്‍ പണയമിടപാടിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്.
ഏപ്രില്‍ 16 ന് ജസ്റ്റിന്‍ ട്രൂഡോയും ധനകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റും ചേര്‍ന്ന് 2024 – 25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ചര്‍ച്ച സജീവമായത്. ധനകാര്യ സ്ഥാപനങ്ങളുമായും വിവിധ കമ്മ്യൂണിറ്റികളുമായും കൂടിയാലോചനകള്‍ ആരംഭിച്ചതായി 2024 ലെ ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഫെഡറല്‍ നയങ്ങളെ എങ്ങനെ മികച്ചതാക്കാമെന്നാണ് പഠിക്കുകയാണ് ലക്ഷ്യം. ഇതില്‍ ഈ ഉല്‍പ്പന്നങ്ങളുടെ നികുതിയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുന്നതിനൊപ്പം മതിയായ ഉപഭോക്തൃ പരിരക്ഷകള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കുന്നു. അതിന്റെ ഭാഗമായാണ് ഹലാല്‍ പണയമിടപാട് നടപ്പിലാക്കാന്‍ ആലോചിക്കുന്നത്
ഇസ്ലാമിക നിയമം പാലിച്ചുകൊണ്ടുള്ള പണമിടപാടാണ് ഹലാല്‍ പണയമിടപാട്. ഇത് പലിശ രഹിത പണമിടപാടാണ്. യാഥാസ്ഥിതിക പലിശ നിരക്കുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പണയമിടപാടുകള്‍ ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കനേഡിയന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇസ്ലാമിക നിയമപ്രകാരമുള്ള പണയമിടപാടുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പ്രധാന അഞ്ച് ബാങ്കുകള്‍ ഇതുവരെ ഹലാല്‍ പണയമിടപാട് അനുവദിച്ചിട്ടില്ല.
ഈ ഇടപാടുകള്‍ പൂര്‍ണ്ണമായും പലിശ രഹിതമായിരിക്കില്ല, പകരം പതിവ് ഫീസ് ഉള്‍പ്പെടുത്താമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഗുണം ലഭിക്കുന്ന നടപടിയാണെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. ‘ഹലാല്‍ പണമിടപാട് കാനഡയില്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്. ഞങ്ങള്‍ പലിശ നല്‍കുന്നു. അവര്‍ പലിശ നല്‍കുന്നില്ല. അതെന്തുകൊണ്ടാണ്?’ എക്സില്‍ ഒരു കനേഡിയന്‍ ചോദിച്ചു. മതത്തിന്റെ പേരില്‍ നികുതി പിരിക്കുന്നതിനെതിരെയും ചിലര്‍ രംഗത്തെത്തി.”