ഒട്ടാവ: കാനഡയുടെ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വിദേശ രാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാമത്തേത് ഇന്ത്യയാണെന്ന് കനേഡിയന്‍ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. നേരത്തെ റഷ്യയെയാണ് രണ്ടാമത്തെ വിദേശ ഭീഷണിയായി കാനഡ കണക്കാക്കിയിരുന്നത്. റഷ്യയുടെ സ്ഥാനം പട്ടികയില്‍ ഇപ്പോള്‍ മൂന്നാമതായി.
കാനഡയുടെ ദേശീയ സുരക്ഷ ഇന്റലിജന്‍സ് പാര്‍ലമെന്ററി സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞമാസമാണ്(മെയ്) റിപ്പോര്‍ട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് ഈ ആഴ്ച കാനഡയുടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിഷയം ഗൗരവതരമായി പരിഗണിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 84 പേജുള്ള റിപ്പോര്‍ട്ടില്‍ 44 തവണയായാണ് ഇന്ത്യയെ പരാമര്‍ശിച്ചിട്ടുള്ളത്. കാനഡയുടെ വിദേശ ഭീഷണി പട്ടികയില്‍ 2019 ലാണ് ഇന്ത്യ ആദ്യമായി ഇടം പിടിച്ചത്.
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് ഇന്ത്യ-കാനഡ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു. അതിനുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് ഇന്ത്യ പലകുറി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ കാനഡ തയ്യാറായിട്ടില്ല.