ന്യൂഡൽഹി: ഖാലിസ്ഥാനി തീവ്രവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളിൽ കനേഡിയൻ സർക്കാർ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന് വേണ്ടി പാർലമെന്റിൽ അനുസ്മരണം നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രതിഷേധം.
കനേഡിയൻ ഹൈക്കമ്മീഷന് ഇന്ത്യ അയച്ച നയതന്ത്ര കുറിപ്പിലാണ് ഖാലിസ്ഥാനി സംഘങ്ങളുടെ പുതിയ നീക്കത്തിൽ കടുത്ത എതിർപ്പ് വ്യക്തമാക്കിയത്. ഇത്തരം ഘടകങ്ങൾക്ക് കാനഡയുടെ മണ്ണിൽ ഇടം നൽകുന്നതിൽ ജസ്റ്റിൻ ട്രൂഡോ ഗവണ്മെന്റ് തുടരുന്ന തണുപ്പൻ പ്രതികരണങ്ങളിൽ ഇന്ത്യ മുൻപും ആശങ്ക അറിയിച്ചിട്ടുണ്ട്.
ഖാലിസ്ഥാനി തീവ്രവാദി നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നുള്ള തെളിവില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ട്രൂഡോ ഗവൺമെന്റ് ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. ഇതിനു ശേഷം ജൂൺ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.