ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധരായ ഖാലിസ്ഥാന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാനും കാനഡയ്ക്കും ബന്ധമുണ്ടെന്നതിന് തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി എന്‍ഐഎ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡി. നേരത്തെ പലതവണ ഇതിന് തെളിവുകള്‍ നല്‍കിയെങ്കിലും അപ്പോഴെല്ലാം കാനഡ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും മോഡിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കാനഡയിലെ വിഘടനവാദികളെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ എന്‍ഐഎ മുമ്പ് ഒട്ടാവയുമായി പങ്കുവെച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്ക് കാനഡയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ , ഹര്‍ദീപ് സിംഗ് നിജ്ജാര്‍ തുടങ്ങിയ ഖാലിസ്ഥാനി ഭീകരര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികരിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും എന്‍ഐഎ മുന്‍ ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് വൈ സി മോഡിയുടെ വെളിപ്പെടുത്തല്‍. അതേസമയം കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞ മോഡി, അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ തകര്‍ക്കുന്ന ഒന്നും ചെയ്യരുതെന്നാണ് ഇന്ത്യയുടെ നയമെന്നും ഇത് സംബന്ധിച്ച് കാനഡയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും വ്യക്തമാക്കി.
”തീവ്രവാദിയെയോ ഖാലിസ്ഥാനിയെയോ നാടുകടത്താനോ കൈമാറാനോ ചര്‍ച്ചയിലൂടെ ആവശ്യപ്പെട്ടപ്പോഴെല്ലാം കനേഡിയന്‍ സര്‍ക്കാര്‍ സഹായിച്ചില്ല. അറിയപ്പെടുന്ന തീവ്രവാദികളും കുറ്റവാളികളും അവരുടെ രാജ്യത്തുണ്ട്, കാനഡ അവരെ ഇന്ത്യക്ക് കൈമാറുന്നില്ല.” അദ്ദേഹം പറഞ്ഞു.
കാനഡയില്‍ താമസിക്കുന്ന അറിയപ്പെടുന്ന തീവ്രവാദികളെയും കുറ്റവാളികളെയും കൈമാറുന്നതില്‍ കാനഡയുടെ സഹകരണമില്ലായ്മയില്‍ മുന്‍ എന്‍ഐഎ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ഇത് അത്തരം വ്യക്തികള്‍ക്ക് കാനഡ സുരക്ഷിത സങ്കേതം ആകുന്നു. കാനഡയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്, എങ്കില്‍ മാത്രമേ ഖാലിസ്ഥാനികളെ ഇന്ത്യക്ക് കൈമാറൂ,’ അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ പാകിസ്ഥാന്‍ എംബസികള്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് വൈ സി മോദി ആരോപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.
പഞ്ചാബിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിജ്ജാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭീകരത പടര്‍ത്താനുള്ള നിജ്ജാറിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും മോഡി പറഞ്ഞു.