ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദി എന്ന ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന.
‘വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ശക്തിയുമാണ് ഇന്ത്യ. ലോകവേദിയിലെ സാന്നിധ്യം കണക്കിലെടുത്ത് ‘ഗൗരവപരമായും സൃഷ്ടിപരമായും’ ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് അതീവ പ്രാധാന്യമുള്ളതെന്നു കാനഡയും സഖ്യകകക്ഷികളും കരുതുന്നു. ഇന്ത്യയുമായി കൂടുതല്‍ അടുപ്പത്തോടെ സഹകരിക്കുന്നതിനെ അതീവ ഗൗരവത്തിലാണു ഞങ്ങള്‍ കാണുന്നത്”- ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോടു പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുഴുവന്‍ വസ്തുതതയും ലഭ്യമാക്കുന്നതിനു കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസുമായി (സിഎസ്ഐഎസ്) നിജ്ജാര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നു മകന്‍ ബല്‍രാജ് സിങ് വെളിപ്പെടുത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്ഐ) പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെ ആയിരുന്നു മകന്റെ വെളിപ്പെടുത്തല്‍.