ടൊറന്റോ: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങൾ ഇന്ത്യ ബുധനാഴ്ച പുനരാരംഭിച്ചതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഈ വർഷം സെപ്തംബറിലാണ് കാനഡയിലെ ഇന്ത്യൻ മിഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചത്. പിന്നീട് ഒക്ടോബറിൽ നാല് വിഭാഗങ്ങളിലായി കാനഡയിൽ വീസ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു.
ഈ വർഷം സെപ്തംബർ 21 ന് കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതായി ബിഎൽഎസ് ഇന്‍റർനാഷനൽ തങ്ങളുടെ വെബ്സെറ്റിലൂടെ അറിയിച്ചിരുന്നു. ബിഎൽഎസ് ഇന്‍റർനാഷനൽ വീസ, പാസ്‌പോർട്ട്, കോൺസുലർ അറ്റസ്റ്റേഷൻ, പൗര സേവനങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയുന്ന സ്ഥാപനമാണ്.
എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നീ നാല് വിഭാഗങ്ങളിലാണ് ഒക്ടോബർ 26 മുതൽ കാനഡയിൽ വീസ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്. നയതന്ത്ര ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ വീസ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കാനഡ സ്വാഗതം ചെയ്തു.