ന്യൂയോര്‍ക്ക്: പ്രസിഡന്റ് ടംപിന്റെ ഉറ്റ സുഹൃത്തും യാഥാസ്ഥിതിക പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ച് ജിമ്മി കിമ്മല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനു പിന്നാലെ നിര്‍ത്തിവെച്ച ലേറ്റ്നൈറ്റ് ഷോ ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും സംപ്രേഷണം ആരംഭിക്കുന്നു.
എബിസി ഷോയ്ക്കിടെ കിമ്മല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഷോ ചാനല്‍ തത്കാലം നിര്‍ത്തി വെച്ചിരുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാറും രംഗത്തെത്തിയിരുന്നു. എബിസിയുടെ ട പ്രക്ഷേപണ ലൈസന്‍സുകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഈ മാസം 17 മുതല്‍ ടോക് ഷോ എബിസി നെറ്റ്വര്‍ക്കില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം കിമ്മലുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഷോ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചതെന്നു എബിസി പ്രതിനിധികള്‍ വ്യക്തമാക്കി.ചൊവ്വാഴ്ച ഷോ വീണ്ടും ആരംഭിക്കുമ്പോള്‍ കിമ്മല്‍ എത്തരത്തിലാവും ഇക്കാര്യത്തില്‍ പ്രതികരണം നടത്തുകയെന്നതും ശ്രദ്ധേയമാണ്. കിര്‍ക്കിന്റെ മരണത്തിലുള്ള ട്രംപിന്റെ ദുഖത്തെ കിമ്മല്‍ പരിഹസിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പ്രതിഷേധമുയര്‍ന്നത്.



