വാഷിങ്ടൻ : ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ അമാന്തം കാട്ടിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനത്തിനിടെ, ചൈനയോട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നയപ്രഖ്യാപന പ്രസംഗത്തിൽ തുറന്നടിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ (80) അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനുളള രാഷ്ട്രീയ ഊർജം തന്റെ ഉള്ളിലുണ്ടെന്നുള്ള പരോക്ഷപ്രഖ്യാപനം കൂടിയാണ് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ നടത്തിയത്.
യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ചൈനയാണു നിറഞ്ഞുനിന്നത്. യുക്രെയ്നിലെ ആക്രമണത്തോടെ പടിഞ്ഞാറിന്റെ മുഴുവൻ ശത്രുവായി മാറിയ റഷ്യ പോലും പരാമർശത്തിൽ രണ്ടാമതായി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു പകരമാകാൻ കഴിയുന്ന ലോകനേതാക്കൾ ആരുമില്ലെന്ന് ബൈഡൻ പറഞ്ഞു. വ്യവസായത്തിലും സാങ്കേതികവിദ്യയിലുമുൾപ്പെടെ, എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണു സ്വീകരിച്ചിരിക്കുന്നത്. യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ടെന്നും ഓർമിപ്പിച്ചു. യുഎസിനോടു മത്സരിക്കാൻ ഭയമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.