വാഷിങ്ടൻ : മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇന്ത്യൻ മോട്ടൽ മാനേജർക്ക് ജോർജിയയിൽ 57 മാസം തടവുശിക്ഷ. നാൽപതിനായിരം യുഎസ് ഡോളറിന് ഏഴുപേർക്ക് ഇയാൾ ഒരു വനിതയെ വിറ്റെന്നാണ് കേസ്. പെൺവാണിഭത്തിനും മനുഷ്യക്കടത്തിനുമെതിരെയാണ് 71കാരനായ ശ്രീഷ് തിവാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുഎസിൽ സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരനായ ഇയാൾ ജോർജിയയിലെ ബഡ്ഗെറ്റൽ മോട്ടലിന്റെ മാനേജരാണ്. ഹോട്ടലിൽ വേലക്കാരിയായാണ് തിവാരി സ്ത്രീയെ ജോലിക്കെടുത്തത്. താമസത്തിനായി ഒരു മുറിയും അനുവദിച്ചു. യുവതിക്കു താമസിക്കാൻ വീടില്ലെന്നും ഹെറോയിൻ ആസക്തിയുണ്ടായിരുന്നതായും തുടർന്ന് അവരുടെ ചെറിയ കുട്ടിയുടെ സംരക്ഷണം നഷ്ടമായതും തിവാരിക്ക് അറിയാമായിരുന്നു. കുട്ടിയെ തിരികെ ലഭിക്കാൻ സഹായിക്കാമെന്നും ഒരു അപ്പാർട്മെന്റ് നൽകാമെന്നും തിവാരി യുവതിക്കു വാഗ്ദാനം നൽകി.
മോട്ടലില്‍ വരുന്ന അതിഥികളെ സത്കരിക്കാനും തിവാരി യുവതിക്കു നിർദേശം നൽകി. പലരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. കുടുംബവും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. പലപ്പോഴായി തിവാരി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. ലഹരി മരുന്ന് ഉപയോഗം പൊലീസിലും ശിശുക്ഷേമ സമിതിയിലും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. താനുമായി സഹകരിച്ചില്ലെങ്കിൽ മുറിയിൽനിന്ന് പുറത്താക്കുമെന്നും തിവാരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പദവി ദുരുപയോഗം ചെയ്ത് മനുഷ്യക്കടത്തും പെൺവാണിഭവും നടത്തി എന്നു വ്യക്തമായ സാഹചര്യത്തിലാണ് ശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു.