74കാരിയായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. ജെഫ്രി സര്‍ജന്റ് എന്ന 46കാരനെയാണ് ന്യൂ ജെഴ്സി പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച വൈകുന്നേരം നാലുമണിയോടെ കൊലപാതകം നടത്തിയ ശേഷം ജെഫ്രി തന്നെയാണ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് കൊലപാതകവിവരം അറിയിച്ചത്. അമ്മ അലക്സാന്‍ഡ്രിയയെ താന്‍ കൊലപ്പെടുത്തിയെന്നും തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗമാണെന്നും ജെഫ്രി പൊലീസിനെ അറിയിച്ചു.
വിവരമറിഞ്ഞ് ജെഫ്രിയും അമ്മയും താമസിച്ചിരുന്ന ഓഷ്യന്‍ സിറ്റി അപാര്ട്മെന്റിലേക്ക് പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ശിരസ് വേര്‍പെട്ട് കിടക്കുന്ന അമ്മ അലക്സാന്‍ഡ്രിയയുടെ മൃതദേഹത്തിന് മുകളില്‍ നഗ്നനായി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ജെഫ്രി. പൊലീസിനെ കണ്ട ഉടനെ അമ്മയെ താന്‍ കൊലപ്പെടുത്തിയെന്നും അതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും പറഞ്ഞ് ജെഫ്രി അലറിക്കരഞ്ഞു. ജെഫ്രി അമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന അമ്മ അലക്സാന്‍ഡ്രിയയുടെ ശിരസും പൊലീസിന് തൊട്ടപ്പുറത്തെ മുറിയില്‍ നിന്നും ലഭിച്ചു.