മിസോറി : അമേരിക്കയിലെ മിസോറിയിൽ നിന്നുള്ള ചിത്രകലാ അധ്യാപികയെ ഭർത്താവിന് സ്മൂത്തിയിൽ വിഷം കലർത്തി നൽകിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. 37 കാരിയായ സാറാ ഷെഫറിനെയാണ് കൊലപാതകശ്രമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ആഴ്ച ആദ്യം, ഷെഫറിന്‍റെ ഭർത്താവിന് കാരണം കണ്ടെത്താൻ സാധിക്കാത്ത നിരവധി രോഗങ്ങൾ അനുഭവപ്പെട്ടു. ഈ വിവരം അദ്ദേഹം അറിയിച്ചതിനെ തുടർന്നാണ് സംഭവം പൊലീസ് അന്വേഷിച്ചത്. ഭാര്യ തയ്യാറാക്കിയ ഭക്ഷണമോ പാനീയങ്ങളോ കഴിച്ച എട്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ തനിക്ക് ആരോഗ്യപ്രശ്നം നേരിട്ടതായി ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തി. വിചിത്രമായ രുചിയുള്ള ആഹാരം പിന്നീട് ക്ഷീണത്തിനും ഛർദിക്കുമെല്ലാം കാരണമായി.
തുടർച്ചയായി ആഹാരം കഴിക്കുന്നതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതിനെ തുടർന്ന് സത്യം കണ്ടുപിടിക്കുന്നതിനായി ഭർത്താവ് ഒളിക്യാമറ സ്ഥാപിച്ചു. ഭാര്യ സ്മൂത്തി തയ്യാറാക്കിയ ശേഷം ‘ലില്ലി ഓഫ് വാലി’ എന്ന് ലേബൽ ചെയ്ത ഒരു ബാഗിൽ നിന്ന് ചെടിയുടെ വേര് സ്മൂത്തിയിൽ ചേർക്കുകയും ചെയ്യുന്നത് കണ്ടെത്തി. ‘ലില്ലി ഓഫ് വാലി’യെന്ന ചെടിയുടെ വേര് വിഷമുള്ളതാണ്. ഈ വിഷം ശരീരത്തിൽ പ്രവേശിക്കുന്നതോടെ ഹൃദയത്തിന്‍റെ താളം തെറ്റും. ഓക്കാനം മുതൽ വയറുവേദന വരെയുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. തുടർന്ന്, വിഷം കലർന്ന സ്മൂത്തി അധികൃതർ കണ്ടുകെട്ടി സംസ്ഥാന ലബോറട്ടറിയിൽ കൂടുതൽ പരിശോധനയ്ക്കായി അയച്ചു.