കലിഫോർണിയ : ഡിസ്‌നിലാൻഡിലെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 11 വയസ്സുള്ള മകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ അമ്മ സരിത രാമരാജു (48) അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് സരിതയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തതെന്ന് കലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു.
വിവാഹമോചനം നേടിയ ശേഷം 2018ൽ സരിത കലിഫോർണിയയിൽ നിന്ന് താമസം മാറി. സരിത സാന്റാആനയിൽ കസ്റ്റഡി വിസിറ്റിന്റെ ഭാഗമായി മകനെ സന്ദർശിക്കുന്നതിനാണ് എത്തിയത്. മാർച്ച് 19ന് സാന്റാആനയിലെ താമസസ്ഥലത്ത് നിന്നും ചെക്ക് ഔട്ട് ചെയ്തതിന് ശേഷം മകനെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് സരിത വാഗ്ദാനം നൽകിയിരുന്നു. എന്നാൽ രാവിലെ 9.12ന് 911ൽ വിളിച്ച് താൻ മകനെ കൊലപ്പെടുത്തിയെന്നും സ്വയം ജീവനൊടുക്കാൻ ഗുളികകൾ കഴിച്ചുവെന്നും സരിത അടിയന്തര സേവന വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതി വിവരം അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മുറിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കറികത്തിയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനായി തലേദിവസമായിരിക്കാം പ്രതി കത്തി കൊണ്ടുവന്നത് എന്നാണ് പൊലീസ് കരുതുന്നത്.
ആത്മഹത്യ ചെയ്യാൻ ഗുളികകൾ കഴിച്ചതിനെ തുടർന്ന് സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് സരിതയും മുൻ ഭർത്താവ് പ്രകാശ് രാജുവും തമ്മിൽ കഴിഞ്ഞ വർഷം നിയമപോരാട്ടം നടത്തിയിരുന്നു.